തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കെതിരേ കേരളത്തിന് ആറുവിക്കറ്റ് നഷ്ടം. മൂന്നാംദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ കേരളം ഒന്നാമിന്നിംഗ്സിൽ ആറിന് 152 റൺസെന്ന നിലയിലാണ്. 10 റൺസുമായി സൽമാൻ നിസാറും രണ്ടു റൺസുമായി അങ്കിത് ശർമയുമാണ് ക്രീസിൽ. മഹാരാഷ്ട്രയുടെ 239 റൺസിനെതിരേ ഇപ്പോഴും 88 റണ്‍സ് പിന്നിലാണ് കേരളം.
മൂന്നുവിക്കറ്റ് നഷ്ടത്തിൽ 35 റൺസെന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് സ്കോർ 75 റൺസിൽ നില്‍ക്കെ സച്ചിൻ ബേബിയുടെ (ഏഴ്) വിക്കറ്റാണ് ആദ്യം നഷ്ടമായത്. തുടർന്ന് ക്രീസിൽ ഒന്നിച്ച സഞ്ജു സാംസണിന്റെയും (54) മുഹമ്മദ് അസ്ഹറുദ്ദീന്റെയും (36) ചെറുത്തുനില്പാണ് കേരളത്തെ നൂറുകടത്തിയത്.
63 പന്തിൽ അഞ്ചു ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 54 റൺസെടുത്ത സഞ്ജുവാണ് കേരള നിരയിലെ ടോപ് സ്കോറർ. സ്കോർ 132 റൺസിൽ നില്‍ക്കെ സഞ്ജുവിനെ പുറത്താക്കി വിക്കി ഒസ്ത്വാൾ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ഒമ്പതു റൺസിനിടെ അസ്ഹറുദ്ദീനെയും ഓസ്ത്വാൾ പുറത്താക്കിയതോടെ കേരളം ആറിന് 141 റൺസെന്ന നിലയിലേക്ക് വീണു.
മഹാരാഷ്ട്രയ്ക്കു വേണ്ടി രജനീഷ് ഗുർബാനി, വിക്കി ഒസ്ത്വാൾ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ജലജ് സക്സേന, രാമകൃഷ്ണ ഘോഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.